ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായി. നാല് മാസം മുൻപ് പ്രമുഖ നേതാക്കള്‍ വിമത ശബ്ദമുയര്‍ത്തി വന്നതിന്‍റെ അലയൊലികള്‍ അടങ്ങും മുൻപ് മറ്റൊരു പരീക്ഷണ ഘട്ടത്തെ നേരിടുകയാണ് പാര്‍ട്ടി. ഗാന്ധി കുടുംബത്തിന്‍റെ നേതൃത്വം തന്നെ ചോദ്യംചെയ്യപ്പെടുന്ന രീതിയില്‍ അഭിപ്രായ വ്യത്യാസം വളരുന്നതായാണ് സൂചന.
ഇപ്പോള്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പും ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലെ ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയവും ആഭ്യന്തര കലഹം ശക്തിപ്പെടുത്തുമെന്നാണു രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയുടെയും സഹോദരി പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിനെതിരേയാണ് ചോദ്യങ്ങളുയരുക.
തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദളും ഇടതുപാര്‍ട്ടികളുമായുള്ള മഹാ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനമാണ് ദയനീയമെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.
ബിഹാറില്‍ മല്‍സരിച്ച 70 സീറ്റുകളില്‍ 19ല്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. ആര്‍ജെഡി 144 സീറ്റുകളില്‍ 75ല്‍ നിന്ന് വിജയിച്ചു. സഖ്യത്തിന്റെ ഭാഗമായിരുന്ന സിപിഐ-എംഎല്‍ പോലും മല്‍സരിച്ച 19 സീറ്റുകളില്‍ 12 ലും വിജയിച്ചു. ശരാശരി വിജയം നോക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റേതാണ് ദയനീയപരാജയം. ബിഹാര്‍ തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്ത ഉത്തരവാദികളായ നേതാക്കളെയാണ് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്. ‘മോശം സ്ഥാനാര്‍ഥി നിര്‍ണയം, എഐഐഎം ഘടകം, മൂന്നാംഘട്ട വോട്ടെടുപ്പിലെ വോട്ട് ധ്രുവീകരണം’ എന്നിവയാണ് തോല്‍വിക്കു കാരണമെന്നാണ് കണക്കുകൂട്ടുന്നത്. മോശം മാനേജ്‌മെന്റാണ് മോശം പ്രകടനത്തിനു കാരണമെന്നാണ് വിമതര്‍ കുറ്റപ്പെടുത്തുന്നു.
നേതൃത്വത്തിന്‍റെ പരാജയമായാണ് പാര്‍ട്ടിയിലെ ഭിന്നാഭിപ്രായമുള്ള നേതാക്കള്‍ ബിഹാര്‍ ഫലത്തെ കാണുന്നത്. തങ്ങളെ പ്രചാരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതായും കാര്യക്ഷമതയില്ലാത്ത നേതാക്കളാണ് പ്രചാരണത്തിന് മുന്നിലുണ്ടായിരുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ബിഹാര്‍ കോണ്‍ഗ്രസിലെ നേതാക്കളെ വരെ ഒതുക്കിയെന്നും ഇവര്‍ പറയുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിനെ മാത്രമായല്ല വിലയിരുത്തേണ്ടതെന്നും മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയും ഇതോടൊപ്പം കാണണമെന്ന് നേതാക്കള്‍ പറയുന്നു.