Asia Cup 2023 ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് 6 റൺസ് ജയം. ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയാണ് പരാജയത്തിന് കരണമായത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 259 റൺസിൽ എല്ലാരും പുറത്തായി.
Also Read : https://www.bharathasabdham.com/nipah-virus-nipah-has-been-confirmed-in-one-more-person-in-kozhikode/
ഇന്ത്യക്ക് തുടക്കത്തിലെ തകര്‍ച്ച നേരിട്ടു. 17 റണ്‍സെടുക്കുന്നതിനിടെ, നായകന് രോഹിത് ശര്‍മയെയും (0) തിലക് വര്‍മയെയും (5) ബംഗ്ലാദേശ് പുറത്താക്കി. ക്രീസില്‍ ശുഭ്മന്‍ ഗിൽ പതിഞ്ഞ താളത്തിലാണ് കളി ആരംഭിച്ചത്. എന്നാൽ മറുവശത്ത് ഇന്ത്യൻ ബാറ്റർമാരുടെ കൊഴിഞ്ഞുപോക്ക് തടയാനായില്ല. പതിനെട്ടാം ഓവറിൽ കെ.എല്‍. രാഹുലിനെ നഷ്ടമായതോടെ ഇന്ത്യ പതറുന്ന കാഴ്ചയാണ് കണ്ടത്. ഇഷാൻ കിഷനും വന്നതുപോലെ തിരിച്ചുപോയി.
ഗില്ലിന് കൂട്ടായി സൂര്യകുമാർ എത്തിയതോടെ സ്കോർ ബോർഡിന് ചലനം സംഭവിച്ചു. സൂക്ഷ്മതയോടെ കളിച്ച ഇരുവരും നല്ലൊരു പാർട്ണർഷിപ് പടുത്തുയർത്തുമ്പോഴേക്കും ഷക്കിബ് സൂര്യകുമാറിനെ വീഴ്ത്തി ബംഗ്ലാദേശിന് ബ്രേക്ക്ത്രൂ നൽകി.
വമ്പൻ അടികൾക്കു ശ്രമിച്ച് രവീന്ദ്ര ജഡേജയും ഡഗൗട്ടിലേക്ക്7 മടങ്ങി. പിന്നീട് എത്തിയ അക്സർ പട്ടേൽ മികച്ച തുടക്കം നൽകി അപ്പോഴേക്കും ഗിൽ ഏഷ്യ കപ്പിലെ തൻ്റെ ആദ്യ സെഞ്ചുറി നേടിക്കഴിഞ്ഞിരുന്നു. തികച്ചുമൊരു വൺ മാൻ ഷോ എന്ന് തോന്നിക്കും വിധമായിരുന്നു ഗില്ലിൻ്റെ പ്രകടനം. മഹേദി ഹസൻ എറിഞ്ഞ നാൽപത്തി നാലാം ഓവറിൽ ഗിൽ(133 പന്തിൽ 122) ബൗണ്ടറിയിലേക്ക് നീട്ടി അടിച്ച പന്ത് തൻസിം ഹസൻ കൈപ്പിടിയിലൊതുക്കി.
അക്സർ മറുവശത്ത് നിലയുറപ്പിച്ചു. ഗില്ലിനു വിക്കറ്റിനു ശേഷമെത്തിയ ശാർദുൽ താക്കൂർ അക്സറുമായി മികച്ച കൂട്ടുകെട്ട് ഉയർത്തുകയായിരുന്നു. ജയത്തിനരികെ നിൽക്കേ മുസ്തഫിസുർ റഹ്മാൻ ശാർദുൽ താക്കൂറിനെ(13 പന്തിൽ 11) വീഴ്ത്തി. ഇത് ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. അതേ ഓവറിൽ അക്സറിനെയും(34 പന്തിൽ 42) നഷ്ടമായതോടെ ബംഗ്ലാദേശ് വിജയം ഉറപ്പിക്കുകയായിരുന്നു. അവസാന ഓവറിൽ ഷമിയും, പ്രസിദ് കൃഷ്ണയും പരിശ്രമിച്ചെങ്കിലും ഓൾ ഔട്ട് ആവുകയായിരുന്നു.
മുസ്തഫിസുർ റഹ്മാൻ 3 വിക്കറ്റ് നേടിയപ്പോൾ തൻസിം ഹസൻ സാക്കിബ്, മഹേദി ഹസൻ, എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും തൗഹിദ് ഹൃദോയിയും നേടിയ അര്‍ധസെഞ്ചുറികളാണ് മികച്ച സ്കോറിലെത്തിച്ചത്. മൂന്ന് വിക്കറ്റെടുത്ത ഷാര്‍ദ്ദുല്‍ താക്കൂറും രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.
ടോസിലെ നഷ്ടപ്പെട്ട് ക്രീസിലെത്തിയ ബംഗ്ലാദേശിന് തുടക്കത്തിലേ വിക്കറ്റുകള്‍ നിലംപതിച്ചു. മൂന്നാം ഓവറില്‍ തന്നെ ലിറ്റണ്‍ ദാസിനെ(0) മനോഹരമായൊരു ഇന്‍സ്വിങ്ങറില്‍ മുഹമ്മദ് ഷമി ക്ലീന്‍ ബൗള്‍ഡാക്കി. നാലാം ഓവറിലെ ആദ്യ പന്തില്‍ ഷാര്‍ദ്ദുല്‍ താന്‍സിദ് ഹൗസൈനെയും(13) ആറാം ഓവറില്‍ അനാമുള്‍ ഹഖിനെയും(4) മടക്കിയതോടെ ബംഗ്ലാദേശ് പരുങ്ങലിലായി. ഷാക്കിബിനൊപ്പം പിടിച്ചു നില്ക്കാന് ശ്രമിച്ച മെഹ്ദി ഹസന് മിറാസിനെ(13) അക്സറും മടക്കിതോടെ ബംഗ്ലാദേശ് നാലിന് 59 എന്ന നിലയിലേക്കു വീണു.
അഞ്ചാം വിക്കറ്റില്‍ ഷാക്കിബും ഹൃദോയിയും ചേര്‍ന്ന് ബംഗ്ലാദേശിനെ കരകയറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 101 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഈ കൂട്ടുകെട്ടാണ് ബംഗ്ലാദേശിന് കരുത്തായത്. സെഞ്ചുറിയിലേക്ക് കുതിച്ച ഷാക്കിബിനെ(80) ശാര്‍ദുല്‍ താക്കുര്‍ പുറത്താക്കി. ഷാക്കിബ് പുറത്തായില്ലെങ്കില്‍ ബംഗ്ലാ കടുവകള്‍ മുന്നൂറിനപ്പുറത്തേക്കു പോകുമായിരുന്നു.
അധികം താമസിയാതെ ഹൃദോയിയെ (54) മുഹമ്മദ് ഷമിയും പുറത്താക്കി. ഇതോടെ ബംഗ്ലാദേശ് വേഗത്തില്‍ പുറത്താകുമെന്നു തോന്നിപ്പിച്ചു. എന്നാല്‍, വാലറ്റത്ത് നാസും അഹമ്മദും(44) മെഹ്ദി ഹസനും(23 പന്തില്‍ 29), തന്‍സിം ഹസന് ഷാക്കിബും(എട്ട് പന്തില്‍ 14) ചേര്‍ന്ന് ബംഗ്ലാദേശിനെ മികച്ച സ്കോറിലെത്തിച്ചു. ഇന്ത്യക്കായി താക്കൂര്‍ 65 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷമി 32 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. പ്രസിദ്ധ് കൃഷ്ണയും അക്സര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യ നേരത്തെ തന്നെ ഏഷ്യാ കപ്പ് ഫൈനല്‍ ഉറപ്പിച്ചിരുന്നു.
നേരത്തെ, കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം അപ്രസക്തമായതിനാല്‍ ടീമില്‍ അഞ്ച് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഇന്ത്യക്ക് വേണ്ടി തിലക് വര്‍മ ഏകദിന അരങ്ങേറ്റം നടത്തി. മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, സൂര്യകുമാര്‍ യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരും ടീമിലെത്തി. കോലി, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഞായറാഴ്ച ഇന്ത്യ ശ്രീലങ്കയെ ഫൈനലിൽ നേരിടും.