Wednesday, December 18
BREAKING NEWS


കുടുംബശ്രീ ഓണച്ചന്തകളിൽ നിന്നും 23 കോടി രൂപയുടെ വിറ്റുവരവ് Kudumbashree Onam Markets

By sanjaynambiar

Kudumbashree Onam Markets ഓണ വിപണിയിൽ നിന്നും ഇത്തവണയും കുടുംബശ്രീക്ക് കൈനിറയെ നേട്ടം. ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഓണച്ചന്തകൾ വഴി കുടുംബശ്രീ നേടിയത് 23.09 കോടി രൂപയുടെ വിറ്റുവരവ്.

1070 സിഡിഎസ്തല ഓണച്ചന്തകൾ, 17 ജില്ലാതല ഓണച്ചന്തകൾ എന്നിവ ഉൾപ്പെടെ ആകെ 1087 ഓണച്ചന്തകൾ വഴിയാണ് ഈ നേട്ടം. കഴിഞ്ഞ വർഷം 19 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇതിനേക്കാൾ നാലു കോടി രൂപയുടെ അധിക വിറ്റുവരവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.

കുടുംബശ്രീ ഓണച്ചന്തകളിലൂടെ ഇത്തവണ എറ്റവും കൂടുതൽ വിറ്റുവരവ് നേടിയത് എറണാകുളം ജില്ലയാണ്. 104 ഓണച്ചന്തകളിൽ നിന്നായി 3.25 കോടി രൂപയാണ് ജില്ലയിലെ സംരംഭകർ നേടിയത്. 103 ഓണച്ചന്തകളിൽ നിന്നും 2.63 കോടി രൂപയുടെ വിറ്റുവരവ് നേടി തൃശൂർ ജില്ല രണ്ടാമതും 81 ഓണച്ചന്തകളിൽ നിന്നും 2.55 കോടി രൂപ നേടി കണ്ണൂർ ജില്ല മൂന്നാമതും എത്തി.

കുടുംബശ്രീയുടെ കീഴിലുള്ള 28401 സൂക്ഷ്മസംരംഭ യൂണിറ്റുകളും 20990 വനിതാ കർഷക സംഘങ്ങളും വിപണിയിൽ ഉൽപന്നങ്ങളെത്തിച്ചു. പൊതുവിപണിയിൽ വിലക്കയറ്റം തടയാനും ന്യായവിലയ്ക്ക് ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള സർക്കാരിന്റെ ഇടപെടലുകൾക്ക് പിന്തുണ നൽകാനായി എന്നതും കുടുംബശ്രീക്ക് നേട്ടമായെന്ന് അം​ഗങ്ങൾ പറഞ്ഞു.

110 ഓണച്ചന്തകൾ ഒരുക്കി മലപ്പുറം ജില്ല മേളയുടെ എണ്ണത്തിൽ മുന്നിലെത്തി. കാർഷിക സൂക്ഷ്മസംരംഭ മേഖലയിൽ നിന്നുമായി 4854 യൂണിറ്റുകളെ പങ്കെടുപ്പിച്ച് ഏറ്റവും കൂടുതൽ സംരംഭകരുടെ പങ്കാളിത്തം ഉറപ്പു വരുത്തിയതിലും മലപ്പുറം ജില്ല ഒന്നാമതായി. 104 ഓണച്ചന്തകളിലായി 4723 യൂണിറ്റുകളെ പങ്കെടുപ്പിച്ച് എറണാകുളം ജില്ലയും, 103 ഓണച്ചന്തകൾ സംഘടിപ്പിച്ച് 4550 യൂണിറ്റുകളെ പങ്കെടുപ്പിച്ച് തൃശൂർ ജില്ലയും രണ്ടും മൂന്നും സ്ഥാനത്തെത്തി.

ഓണം വിപണിയിൽ പൂവിനുള്ള ആവശ്യകത തിരിച്ചറിഞ്ഞ് ഈ രംഗത്ത് സാന്നിധ്യം ഉറപ്പിക്കാനും കുടുംബശ്രീക്ക് കഴിഞ്ഞു. ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ഓണാഘോഷത്തിനുള്ള പൂക്കൾ ഇവിടെ തന്നെ ഉൽപാദിപ്പിക്കുന്നതിൻറെ ഭാഗമായി സംസ്ഥാനമൊട്ടാകെ 1870 വനിതാ കർഷക സംഘങ്ങൾ ചേർന്ന് 780 ഏക്കറിലാണ് ഇത്തവണ പൂക്കൃഷി നടത്തിയത്.

100 സംഘങ്ങൾ ചേർന്ന് 186.37 ഏക്കറിൽ പൂക്കൃഷി നടത്തി തൃശൂർ ജില്ല ഒന്നാമതായി. സംസ്ഥാനമെമ്പാടും സംഘടിപ്പിച്ച കുടുംബശ്രീ ഓണം വിപണന മേളകളിൽ കുടുംബശ്രീ കർഷക സംഘങ്ങൾ കൃഷി ചെയ്ത പൂക്കളും വിപണനത്തിനെത്തിയത് ഏറെ ശ്രദ്ധേയമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!