AI Camera എ.ഐ. ക്യാമറയുടെയും ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിക്കാൻ ‘ഗവ. ഓഫ് കേരള’യുടെ ബോര്‍ഡും വെച്ച് കറങ്ങിനടന്ന ഇന്നോവ കാര്‍ പിടിയില്‍.
എറണാകുളം കളക്ടറേറ്റിലെത്തിയപ്പോഴാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്. നിയമ ലംഘനത്തിന് തിരുവനന്തപുരം സ്വദേശി ഫ്രാങ്ക്ലിങ്ങിനെതിരേ രണ്ട് കേസുകളെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു.
കളക്ടറേറ്റിന്റെ ഗ്രൗണ്ട് ഭാഗത്ത് കാര്‍ നിര്‍ത്തിയിട്ടിരുന്നത് എറണാകുളം എൻഫോഴ്സ്മെന്റ് ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ ശ്രീനിവാസ് ചിദംബരത്തിന്റെ കണ്ണില്‍ പെട്ടു. ഇൻസ്പെക്ടര്‍ നടത്തിയ പരിശോധനയിലാണ് നമ്ബര്‍പ്ലേറ്റില്‍ കൃത്രിമം കണ്ടെത്തിയത്.
ടാക്സിയായി രജിസ്റ്റര്‍ ചെയ്തതായിരുന്നു വാഹനം. എന്നാല്‍, മഞ്ഞ നമ്ബര്‍പ്ലേറ്റിനു പകരം സ്വകാര്യ വാഹനമെന്ന് തോന്നിപ്പിക്കാൻ വെള്ള നമ്ബര്‍ പ്ലേറ്റാണ് ഉപയോഗിച്ചിരുന്നത്. എ.ഐ. ക്യാമറകളില്‍ പെടാതിരിക്കാനും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും അനധികൃതമായി നമ്ബര്‍പ്ലേറ്റില്‍ ‘ഗവ. ഓഫ് കേരള’ എന്ന ചുവന്ന ബോര്‍ഡും സ്ഥാപിച്ചിരുന്നു.
സാധാരണ മന്ത്രിമാരുടെ വാഹനങ്ങളില്‍ മാത്രമാണ് ഗവ. ഓഫ് കേരള എന്ന ബോര്‍ഡ് സ്ഥാപിക്കാൻ നിയമം അനുവദിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകള്‍ക്കാണെങ്കില്‍ അവരുടെ വകുപ്പുകളുടെ പേരു മാത്രമേ നമ്ബര്‍പ്ലേറ്റില്‍ എഴുതാൻ പാടുള്ളൂവെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വി.ഐ.പി. സന്ദര്‍ശനം പോലുള്ള വിശേഷ സന്ദര്‍ഭങ്ങളില്‍ ടാക്സികളില്‍ ‘ഗവ. ഓഫ് കേരള’ ബോര്‍ഡ് സ്ഥാപിക്കാറുണ്ട്. ഇത് മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതിയോടെ മാത്രമാണെന്നും അധികൃതര്‍ പറഞ്ഞു.