Monday, January 13
BREAKING NEWS


കണ്ണൂരില്‍ കാര്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണെന്ന് സ്ഥിരീകരിച്ചു : കണ്ണൂര്‍ ആര്‍.ടി.ഒ

By sanjaynambiar

കണ്ണൂര്‍:(Car Got Fire) കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം ഓടുന്ന കാര്‍ കത്തി നശിച്ചതിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണെന്ന് സ്ഥികരിച്ചു കണ്ണൂര്‍ ആര്‍.ടി.ഒ ഉണ്ണികൃഷ്ണന്‍.

ഇതു സംബന്ധിച്ചു ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കാറില്‍ നിന്ന് നേരത്തെ തന്നെ പുക ഉയര്‍ന്നതായി ദൃക്സാക്ഷികള്‍ മൊഴി തന്നിട്ടുണ്ട്. എന്നാല്‍ ആശുപത്രിയില്‍ എത്താനുള്ള ധൃതിക്കിടെ പുക ഗൗനിക്കാതിരുന്നത് അപകടത്തിന്‍റെ ആഴം കൂട്ടി.

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചാണ് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചത്. കണ്ണൂര്‍ കുറ്റ്യാട്ടൂര്‍ സ്വദേശികളായ റീഷ, ഭര്‍ത്താവ് പ്രജിത്ത് എന്നിവരാണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന ഇവരുടെ മകള്‍ അടക്കം നാല് പേരെ രക്ഷപ്പെടുത്തി.

ഇന്നലെ രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. പൂര്‍ണ ഗര്‍ഭിണിയായ റീഷയെ പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് അപകടം.

ആശുപത്രിയില്‍ എത്താന്‍ 100 മീറ്റര്‍ മാത്രം ശേഷിക്കെ കാറില്‍ നിന്ന് പുക ഉയര്‍ന്നു. വാഹനം നിര്‍ത്തിയ പ്രജിത്ത് കാറില്‍ ഉള്ളവരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.

പിന്‍സീറ്റിലുണ്ടായിരുന്ന ഇവരുടെ മകള്‍ ശ്രീ പാര്‍വതി, റീഷയുടെ പിതാവ് വിശ്വനാഥന്‍, മാതാവ് ശോഭന, സഹോദരി സജിന എന്നിവര്‍ പുറത്തിറങ്ങി. എന്നാല്‍ മുന്‍സീറ്റില്‍ യാത്ര ചെയ്ത പ്രജിത്തിനും ഭാര്യ റീഷയ്ക്കും രക്ഷപ്പെടാനായില്ല.

മുന്‍ വാതില്‍ തുറക്കാന്‍ കഴിയാതിരുന്നതിനാല്‍ ഇരുവരും വാഹനത്തിനുള്ളില്‍ പെട്ടു. പിന്നാലെ കാര്‍ പൂര്‍ണമായും അഗ്നിക്കിരയാവുകയായിരുന്നു. സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്സ് തീ അണച്ച ശേഷം വാതില്‍ വെട്ടി പൊളിച്ചാണ് പ്രജിത്തിനെയും റീഷയെയും പുറത്തെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!