കോവളം: വാഴമുട്ടത്തെ ബൈക്കപകടത്തില്‍ കാല്‍നടയാത്രികയും ബൈക്ക് യാത്രക്കാരനും മരിച്ചതിൻറെ ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍.
ബൈപാസില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അപകടത്തില്‍പെട്ട ബൈക്ക് മുൻപും ഇതുവഴി അമിതവേഗത്തില്‍ പോകുന്നത് കണ്ടിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ശാസ്തമംഗലത്തെ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു സന്ധ്യ. എന്നും രാവിലെ ആറിനുള്ള സ്വകാര്യ ബസിലാണ് ജോലിക്ക് പോകുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ കുറച്ച് വൈകി പോകുകയാണ് പതിവ്.
പതിവുപോലെ വീട്ടില്‍നിന്ന് ജോലിക്കു പോയ സന്ധ്യയിനി തിരിച്ചുവരില്ലെന്നത് ഭര്‍ത്താവ് അശോകന് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. റോഡ് മുറിച്ചു കടക്കുമ്പോഴാണ് അമിതവേഗത്തില്‍ വന്ന ബൈക്ക് സന്ധ്യയെ ഇടിച്ചുതെറിപ്പിച്ചത്.
വലിയ ഒച്ച കേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് 80 മീറ്ററോളം ദൂരം തെറിച്ചുപോയ സന്ധ്യയുടെ കാലാണ്.
കുടല്‍ പുറത്തുവന്നിരുന്നു. കാലിനു സമീപമാണ് അപകടത്തിന് കാരണമായ ബൈക്ക് ഓടിച്ചിരുന്ന ആനന്ദും കിടന്നിരുന്നത്. അപകടസ്ഥലത്തുനിന്ന് 200 മീറ്ററോളം മാറിയാണ് ബൈക്ക് കിടന്നിരുന്നത്.
പല ദിവസങ്ങളിലും രാവിലെ ആറിനും ഏഴിനുമിടയില്‍ ഈ ബൈക്ക് ഉള്‍പ്പെടെ യുവാക്കളുടെ സംഘം ഇതുവഴി അമിതവേഗത്തില്‍ പോകുന്നത് കണ്ടിട്ടുണ്ടെന്ന് സ്ഥലവാസികള്‍ പറയുന്നു.
ഈ സമയം റോഡില്‍ തിരക്ക് കുറവായതിനാല്‍ ഫോട്ടോ ഷൂട്ടിനുവേണ്ടിയാണ് സംഘം ഈ റോഡിലൂടെ ചീറിപ്പായുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
സംഭവ സമയം ബൈക്ക് ഓടിച്ചിരുന്ന അരവിന്ദിനൊപ്പം മറ്റ് രണ്ട് ബൈക്കുകളിലായി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടും അധികൃതര്‍ മത്സരയോട്ടം തടയാനായി നടപടികള്‍ സ്വീകരിക്കാത്തതില്‍ വിമര്‍ശനമുയരുകയാണ്. ഈ അപകടം നടന്ന സ്ഥലത്തിനു സമീപമാണ് മാസങ്ങള്‍ക്കു മുമ്പ് റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ട് യുവതികള്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടത്.