കൊച്ചി : ഇടപ്പള്ളിയിലെ മാളില്‍ വച്ച് നടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തു വിടാനൊരുങ്ങി പൊലീസ്. ഇവര്‍ പ്രവേശന കവാടത്തില്‍ ഫോണ്‍ നമ്ബര്‍ നല്‍കാതെ കബളിപ്പിച്ചാണ് അകത്തു കടന്നത്.അതിനാല്‍ അതു വഴിയുള്ള അന്വേഷണവും മുടങ്ങി. ഇതോടെയാണ് ചിത്രങ്ങള്‍ പുറത്തു വിടാന്‍ പോലീസ് ഒരുങ്ങുന്നത്. പ്രതികളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സിസിടിവിയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നു.
മാളില്‍ വ്യാഴാഴ്ച കുടുംബത്തോടൊപ്പം ഷോപ്പിങ്ങിനെത്തിയതായിരുന്നു നടി. അപ്പോഴാണ് പ്രതികളുടെ കയ്യേറ്റമുണ്ടായത്. ആള്‍ത്തിരക്കില്ലാത്തിടത്തു വച്ച് ഇരുവരും മനപ്പൂര്‍വം നടിയുടെ ശരീരത്ത് സ്പര്‍ശിച്ച് കടന്നു പോകുകയും പിന്തുടരുകയും ചെയ്തെന്നാണ് വെളിപ്പെടുത്തല്‍.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കൂടി നിര്‍ദേശം ആരാഞ്ഞ ശേഷമായിരിക്കും ചിത്രങ്ങള്‍ പുറത്തു വിടുകയെന്ന് കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള കളമശേരി സിഐ സന്തോഷ് പറഞ്ഞു. പ്രതികള്‍ മെട്രോ ട്രെയിനില്‍ മാളിലെത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍.