Sunday, December 22
BREAKING NEWS


കോവിഡ്: ‘ഹൈറേഞ്ച്’ പ്രകടനവുമായി വയനാട്, ഇടുക്കി; തുണയായത് കർശന ജാഗ്രത

By sanjaynambiar

കോവിഡ്: ‘ഹൈറേഞ്ച്’ പ്രകടനവുമായി വയനാട്, ഇടുക്കി; തുണയായത് കർശന ജാഗ്രത

wayanad-churam-new

ലോക്ഡൗൺ നിയന്ത്രണം നീക്കിയതോടെ വയനാട് ചുരം വ്യൂ പോയന്റിൽ കൂടി നിൽക്കുന്ന സഞ്ചാരികൾ

കേരളത്തിലെ ഭൂരിഭാഗം ജില്ലകളും കോവിഡ് വ്യാപനത്തില്‍ ശ്വാസം മുട്ടുമ്പോള്‍ രോഗപ്രതിരോധത്തിൽ കടിഞ്ഞാൺ ഉറപ്പിക്കുന്ന ‘ഹൈറേഞ്ച്’ പ്രകടനവുമായി രണ്ട് ജില്ലകൾ. പിന്നിട്ട മാസങ്ങളിൽ ഏറ്റവും അധികം പേർ പുറത്തുനിന്നെത്തിയ വയനാട്, ഇടുക്കി ജില്ലകളാണ് കോവിഡിനെ നിയന്ത്രിച്ചു മുന്നോട്ടുപോകുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ച സമയത്ത് ഏറ്റവും കൂടുതല്‍ ആശങ്കപ്പെട്ട ജില്ലകളായിരുന്നു ഇവ. എസ്റ്റേറ്റ് പാടികളിലും ആദിവാസി കോളനികളിലുമായി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന  രണ്ട് ജില്ലകളിലും കോവിഡ് വ്യാപനം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നായിരുന്നു ആദ്യമുയർന്ന ആശങ്ക.

തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് രൂക്ഷമായതും ഈ രണ്ട് ജില്ലകളിലെയും ആരോഗ്യപ്രവർത്തകരുടെ ആശങ്ക വർധിപ്പിച്ചു. തമിഴ്‌നാടും കര്‍ണാടകയുമായി വയനാട് ജില്ല അതിര്‍ത്തി പങ്കിടുന്നതും തമിഴ്‌നാടുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ജില്ലയാണ് ഇടുക്കിയെന്നതുമായിരുന്നു ഇതിനു പിന്നിൽ. എന്നാല്‍ മറ്റു ജില്ലകളില്‍ നിന്നെല്ലാം വിഭിന്നമായി കോവിഡ് വ്യാപനത്തെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ ഈ ജില്ലകള്‍ക്കായി.

അതിർത്തി അടച്ച് പ്രതിരോധം; തുണയായി ഭൂപ്രകൃതിയും

വയനാട്, ഇടുക്കി ജില്ലകളുടെ ഭൂപ്രകൃതിയും ജീവിതരീതിയുമാണ് കോവിഡ് വ്യാപനത്തെ മെച്ചപ്പെട്ട തരത്തിൽ ചെറുക്കാന്‍ സഹായകമായതെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ.  വലിയ പട്ടണങ്ങള്‍ ഇല്ലാതിരുന്നതും പട്ടണങ്ങളെ ആശ്രയിച്ച് ജോലി ചെയ്ത്് ജീവിക്കുന്നവര്‍ കുറവായതും കോവിഡ് വ്യാപനം ചെറുക്കാൻ സഹായകമായി. വിവാഹം, പൊതു പരിപാടികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ആളുകള്‍ കൂട്ടംകൂടുന്നതിനുള്ള സാഹചര്യം തീര്‍ത്തും ഇല്ലാതായി. സംസ്ഥാന-ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു. അതിര്‍ത്തി കടന്നെത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കുകയും വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുകയും ചെയ്തു.

<!– –>

watcher

ഇടുക്കിയിൽ വനത്തിൽ കാവൽ നിൽക്കുന്ന വനം വകുപ്പ് വാച്ചർ.

രോഗലക്ഷണമുള്ളവരെ ഉടന്‍ തന്നെ കോവിഡ് സെന്ററുകളിലേക്ക് മാറ്റാനുള്ള ജാഗ്രതയും തുണയായി. മതിയായ രേഖകളില്ലാതെ എത്തിയ ആളുകളെ മടക്കി അയച്ചു. ഈ രീതിയില്‍ കര്‍ക്കശ നിയന്ത്രണങ്ങളായിരുന്നു ഇരു ജില്ലകളിലും നടപ്പാക്കിയത്. ലോക്ഡൗണ്‍ നിയന്ത്രണം നീക്കിയപ്പോഴും ആരോഗ്യപ്രവർത്തകരും ജില്ലാ ഭരണകൂടവും ജാഗ്രത തുടർന്നു. ആര്‍ക്കെങ്കിലും കോവിഡ് പിടിപെട്ടാല്‍ ഉടന്‍ തന്നെ കണ്ടെത്തി ആ പ്രദേശം കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിക്കുകയും ചെയ്തു. മാനന്തവാടി, ബത്തേരി തുടങ്ങിയ സ്ഥലങ്ങള്‍ പലതവണ കണ്ടെയ്ൻമെന്റ്  സോണാക്കി പ്രഖ്യാപിച്ചു.

കടന്നുകയറ്റത്തിന്റെ കാട്ടുവഴികള്‍

മാര്‍ച്ച് 25 നാണ് ഇടുക്കി ജില്ലയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാറിലെത്തിയ ബ്രിട്ടിഷ് പൗരനായിരുന്നു രോഗം. പിന്നീട് ചെറുതോണിയിലെ കോണ്‍ഗ്രസ് നേതാവ് എ.പി.ഉസ്മാനും രോഗം കണ്ടെത്തി. ഇദ്ദേഹത്തില്‍ നിന്ന് എട്ടോളം പേര്‍ക്ക് രോഗം പടര്‍ന്നു.  നിരവധി പേരുമായി സമ്പര്‍ക്കമുണ്ടായിരുന്ന ഉസ്മാന് കോവിഡ് സ്ഥിരീകരിച്ചത് ജില്ലയെ ആശങ്കയിലാക്കി.  എന്നാല്‍ ഒരാഴ്ചയ്ക്കു ശേഷം ഏപ്രില്‍ നാലിന് ജില്ലയിലെ 10 കോവിഡ് ബാധിതരും രോഗമുക്തരായി, ജില്ല ഗ്രീന്‍ സോണായി പ്രഖ്യാപിച്ചു.

<!– –>

muthanga-police

ഏപ്രില്‍ 22ന് ഇടുക്കിയില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്നും ടാക്‌സിയില്‍ കമ്പംമേട് വഴി എത്തിയ ദമ്പതികള്‍ക്കായിരുന്നു രോഗബാധ. പിന്നീടുള്ള ദിവസങ്ങളില്‍ 12 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിനിടെ വനിത ഡോക്ടര്‍ക്കും രോഗം ബാധിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും കാട്ടുവഴിയിലൂടെ ആളുകള്‍ എത്താന്‍ തുടങ്ങിയതായിരുന്നു ജില്ല നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.

അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും കാട്ടുവഴിയിലൂടെയും മറ്റും ഒട്ടേറെപ്പേര്‍ ജില്ലയിലെത്തി. ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് വഴി അടച്ചാലും പുതിയ വഴികള്‍ കണ്ടെത്തിയാണ് ആളുകള്‍ എത്തിയത്.  റോസാപ്പൂക്കണ്ടം, പാണ്ടിക്കുഴി, വലിയ പാറ, കുങ്കിരിപ്പെട്ടി, ചെല്ലാര്‍കോവില്‍ എന്നിവിടങ്ങളില്‍ വനപാതയിലൂടെ നിരവധിപ്പേര്‍ തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി കടന്നെത്തി. തമിഴ്‌നാട്ടിലെ കൊരങ്കിണിയില്‍ നിന്നും വട്ടവട ടോപ്‌സ്റ്റേഷന്‍ വഴിയും ആളുകള്‍ എത്തി.

ഇങ്ങനെയെത്തുന്നവര്‍ എത്രയെന്നോ ഇവരില്‍ രോഗബാധിതരുണ്ടോ തുടങ്ങിയവ കണ്ടെത്തുന്നത് ദുഷ്‌കരമായതോടെ വനംവകുപ്പും പൊലീസും ചേര്‍ന്ന് പരിശോധന ശക്തമാക്കി. ആളുകള്‍ വരാന്‍ സാധ്യതയുള്ള പാതകളിലെല്ലാം വനപാലകര്‍ കാവലേര്‍പ്പെടുത്തി. ലോക്ഡൗണില്‍ ഇളവു വന്നതിനുശേഷമാണ് സംസ്ഥാന അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ കുറച്ചത്. ഇതുവരെ രോഗബാധ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചെങ്കിലും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നതോടെ ജില്ലാ ഭരണകൂടം കടുത്ത ജാഗ്രതയിലാണ്.

<!– –>

idukki-police

ഇടുക്കിയിൽ തോട്ടം തൊഴിലാളികളുമായി സംസാരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ

തുണയായത് ഭൂപ്രകൃതി: ഡോ. എന്‍. പ്രിയ(ഡിഎംഒ, ഇടുക്കി)

കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ ഇടുക്കി ജില്ലയുടെ ഭൂപ്രകൃതി ഒരു പരിധി വരെ തുണച്ചുവെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍. പ്രിയ പറഞ്ഞു. മറ്റുജില്ലകളെ അപേക്ഷിച്ച് ആളുകള്‍ കൂട്ടംകൂടുന്ന സാഹചര്യം കുറവാണ്. ലോക്ഡൗണ്‍ നടപ്പാക്കിയപ്പോള്‍ ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണങ്ങള്‍  ശക്തമായി പാലിച്ചു. പുറത്തുനിന്നും ആളുകള്‍ വന്നപ്പോഴും നിയന്ത്രണങ്ങള്‍ ശക്തമായിരുന്നു. കൃത്യമായി രേഖകളുണ്ടായിരുന്നവരെ മാത്രമാണ് ജില്ലയ്ക്കകത്തേക്ക് പ്രവേശിപ്പിച്ചത്. ഇപ്പോള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയാണ് രോഗം നിയന്ത്രിക്കുന്നത്.

തുടക്കത്തിലെ തന്നെ രോഗം കണ്ടെത്തി ആ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണാക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. ആദിവാസി കോളനികളിലേക്ക് പുറത്തു നിന്നും ആളുകള്‍ പ്രവേശിക്കുന്നത് തടഞ്ഞു. കോളനികളില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കിയതിനാല്‍ കോളനിവാസികള്‍ പുറത്തിറങ്ങുന്നതും  ഒഴിവായി.

എസ്‌റ്റേറ്റുകളില്‍ ജോലി ചെയ്യുന്നവരെ അതാത് എസ്‌റ്റേറ്റുകളില്‍ തന്നെ താമസിപ്പിക്കാന്‍ സൗകര്യം ഒരുക്കി. ഇതോടെ തൊഴിലാളികള്‍ യാത്ര ചെയ്യുന്നത് തടയാനായി. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നതോടെ പുതിയ വെല്ലുവിളി ആരംഭിച്ചിരിക്കുകയാണ്. പ്രധാനമായും മൂന്നാറിലേക്കാണ് കൂടുതല്‍ സഞ്ചാരികളെത്തുന്നത്. ഈ മേഖലയിലെ ഹോട്ടല്‍, റിസോര്‍ട്ട്  അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രത്യേകം ആപ്പ് തയാറാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. സഞ്ചാരികള്‍ ഹോട്ടലിലോ റിസോര്‍ട്ടിലോ പ്രവേശിക്കുന്ന സമയത്തു തന്നെ വിവരങ്ങള്‍ ആപ്പ് വഴി ജില്ല കേന്ദ്രത്തിലേക്ക് അറിയിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്. – എന്‍. പ്രിയ പറഞ്ഞു.

<!– –>

muthanga-checkpost

ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുത്തങ്ങ ചെക്ക് പോസ്റ്റിൽ കുടുങ്ങിയ യാത്രക്കാർ

അടച്ചൂപൂട്ടി കരുതൽ, വയനാട് ചുരത്തിൽ തളർന്ന് കോവിഡ്

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച അവസാന ജില്ലകളിലൊന്നാണ് വയനാട്. മാര്‍ച്ച് 26 നായിരുന്നു ജില്ലയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്.  ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വയനാട് ജില്ലയിലേക്കുള്ള എല്ലാ വഴികളും പൂര്‍ണമായി അടച്ചു. നാല് ചുരങ്ങളും കര്‍ണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള വഴികളും അടച്ചതോടെ മറ്റു ജില്ലകളുമായും സംസ്ഥാനങ്ങളുമായും യാതൊരു ബന്ധവും ഇല്ലാതായി. ഈ അടച്ചുപൂട്ടല്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും കോവിഡ് ബാധിതരുടെ എണ്ണം നാമമാത്രമായി നിലനിര്‍ത്താന്‍ സാധിച്ചു. പല ദിവസങ്ങളിലും ഒരു രോഗി പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും നിയന്ത്രണങ്ങള്‍ കര്‍ക്കശനമായി തുടര്‍ന്നു. ആദിവാസി കോളനികളില്‍ രോഗം വ്യാപിക്കാതിരിക്കാന്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിച്ചു.

ഏപ്രില്‍ 14 ആയപ്പോഴേക്കും  തുടര്‍ച്ചയായി രണ്ടാഴ്ച ഒരു രോഗി പോലും ഇല്ലാത്ത രാജ്യത്തെ 25 ജില്ലകളില്‍ ഒന്നായി വയനാട് മാറി. ഇതോടെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചു. എന്നാൽ ഇതര സംസ്ഥാനത്തുള്ളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും തിരിച്ചു വരാമെന്നായതോടെ വെല്ലുവിളി വര്‍ധിച്ചു. വയനാട് ജില്ലയില്‍ നിന്നും ആയിരക്കണക്കിനാളുകളാണ് ബെംഗളൂരുവിലും മൈസൂരുവിലും ജോലി ചെയ്തിരുന്നത്.  തിരിച്ചു വരുന്നവരെ കൃത്യമായി നിരീക്ഷിക്കാനും ക്വാറന്റീന്‍ ചെയ്യാനും തുടക്കത്തിലെ സാധിച്ചു. ജൂണ്‍ അവസാന ആഴ്ചയിലാണ് ജില്ല ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത്. വാളാട് വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് കൂട്ടത്തോടെ കോവിഡ് പിടിപെട്ടത് കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന അവസ്ഥയിലെത്തിച്ചു.

ഇതോടെ മാനന്തവാടി നഗരസഭ, എടവക, തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചു. ഈ ചെറിയ പ്രദേശത്ത് ദിവസവും അൻപതോളം പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ക്ലസ്റ്റര്‍ രൂപപ്പെട്ടതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും പരിശോധനകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ഒരുമാസത്തിനുശേഷമാണ് കോവിഡ് ക്ലസ്റ്ററില്‍ നിന്നും വാളാട് മുക്തമായത്. പിന്നീട് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കി വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുകയും ബസ് സര്‍വീസ് ആരംഭിക്കുകയും ചെയ്തപ്പോള്‍ ആളുകള്‍ ജാഗ്രത കൈവിട്ടില്ല. ചെറിയ കടകളിലുള്‍പ്പെടെ സന്ദര്‍ശകരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിവയ്ക്കുകയും സാമൂഹികാകലം പാലിച്ചുകൊണ്ടുമാത്രം പ്രവര്‍ത്തിക്കുകയും ചെയ്തു.

<!– –> renuka

ആർ.രേണുക

ജനം ബോധവാന്‍മാരായി: ഡോ. ആര്‍. രേണുക (ഡിഎംഒ, വയനാട്)

മറ്റുജില്ലകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷമാണ് വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിനാല്‍ മുന്നൊരുക്കത്തിന് അല്‍പ്പംകൂടി സമയം ലഭിച്ചത് സഹായകമായെന്ന് വയനാട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്‍.രേണുക പറഞ്ഞു. ഈ സമയംകൊണ്ട് ജില്ല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കൃത്യമായി പഠനം നടത്താന്‍ സാധിച്ചു. ജില്ലാസംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുകയും അതിര്‍ത്തി കടന്നു വരുന്നവരെ അവിടെ വച്ചുതന്നെ പരിശോധിച്ച് രോഗലക്ഷണങ്ങളുള്ളവരെ ഉടന്‍ തന്നെ കോവിഡ് സെന്ററുകളിലേക്ക് മാറ്റുകയും ചെയ്തു. ആദിവാസി ജനസംഖ്യ കൂടുതലുള്ളതാണ് ജില്ല നേരിടുന്ന പ്രധാന പ്രശ്‌നം. ആശാവര്‍ക്കര്‍മാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ എന്നിവര്‍ക്ക് നല്ല രീതിയില്‍ പരിശീലനം നല്‍കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്തു.

കോളനികളെ ആളുകളുടെ എണ്ണവും രോഗബാധയുണ്ടാകാനുള്ള സാധ്യതയും വിലയിരുത്തി പ്രത്യേകം പദ്ധതികള്‍ തയാറാക്കി. ജനപ്രതിനിധികളുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയുമെല്ലാം ആത്മാര്‍ഥമായ പ്രവര്‍ത്തനംകൊണ്ട് ആളുകളെ ബോധവാന്‍മാരാക്കാന്‍ സാധിച്ചതാണ് ഏറ്റവും വലിയ നേട്ടം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജീവിക്കാന്‍ ഇതിനകം തന്നെ ജനം പഠിച്ചു. വിനോദ സഞ്ചാരികള്‍ എത്തുന്നത് വീണ്ടും വെല്ലുവിളി വര്‍ധിപ്പിക്കുന്നുണ്ട്. അതിനാല്‍  കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തികളില്‍ പരിശോധന പുനരാംരംഭിച്ചു. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും 50% മാത്രം ആളുകളെ പ്രവേശിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്. ആളുകള്‍ റൂം വെക്കേറ്റ് ചെയ്ത് പോയതിനുശേഷം അണുനശീകരണം നടത്തി മാത്രമേ അടുത്ത ആളുകള്‍ക്ക് റൂം നല്‍കാന്‍ പാടുള്ളു. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ പൊലീസ് പരിശോധന നടത്തുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവര്‍ കൂട്ടംകൂടി നില്‍ക്കുന്നതില്‍ ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു.

<!– –> health-team

ആദിവാസി കോളനിയിൽ ബോധവത്കരണം നടത്തുന്ന ഉദ്യോഗസ്ഥർ

കേസുകള്‍ കുറയുന്നു; ആശങ്ക കുറയുന്നില്ല

കഴിഞ്ഞ ദിവസങ്ങളില്‍ നൂറില്‍ താഴെ കേസുകള്‍ മാത്രമാണ് ഇരുജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ പ്രതിദിന കണക്ക് 300 കൂടുതല്‍ ആയിട്ടുമില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ നീക്കി വിനോദ സഞ്ചാരികള്‍ എത്തുന്നത് ഇരു ജില്ലകളേയും ഒരുപരിധി വരെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ഉറപ്പുവരുത്തിയിട്ടുണ്ട്. തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തി വ്യാപനം  തടയാനുള്ള നടപടികളാണ് ആരോഗ്യപ്രവർത്തകർ കൈക്കൊണ്ടിരിക്കുന്നത്.

 

Content retrieved from: https://www.manoramaonline.com/news/latest-news/2020/10/26/wayanad-idukki-fight-against-covid-19.html.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!