Tuesday, December 17
BREAKING NEWS


‘ജയ് ശ്രീറാം’ മുഴക്കി ബാനറുകളുമായി ബി.ജെ.പിയുടെ പ്രകടനം

By sanjaynambiar

പാലക്കാട് നഗരസഭയില്‍ കെട്ടിടത്തിനു മുകളില്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ കൂറ്റന്‍ ബാനര്‍ ഉയര്‍ത്തി ബിജെപിയുടെ ആഹ്ലാദ പ്രകടനം; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം

പാലക്കാട്: നഗരസഭ തുടര്‍ച്ചയായ രണ്ടാം തവണ വിജയിച്ചതിന് പിന്നാലെ ജയ് ശ്രീറാം മുഴക്കിയും ബാനറുകള്‍ ഉയര്‍ത്തിയും ബി.ജെ.പിയുടെ പ്രകടനം. തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷവുമായാണ് എന്‍.ഡി.എ ഇവിടെ അധികാരം നിലനിര്‍ത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടന്ന ആഘോഷ പരിപാടിക്കിടെ ജയ് ശ്രീറാം എന്നെഴുതിയ ബാനര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തില്‍ ഉയര്‍ത്തുകയായിരുന്നു.


കഴിഞ്ഞ തവണ ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലെത്തിയ ബി.ജെ.പി ഇത്തവണ ഭൂരിപക്ഷം ഉറപ്പിച്ചാണ് നഗരസഭയില്‍ അധികാരത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 24 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. ഇത്തവണ 28 സീറ്റുകളാണ് എന്‍.ഡി.എ ഇവിടെ നേടിയത്. യു.ഡി.എഫിന് 14 സീറ്റുകളും, എല്‍.ഡി.എഫിന് ഏഴ് സീറ്റുകളുമാണുള്ളത്.

പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്ത് : സന്ദീപ് ജി വാര്യര്‍

പാലക്കാട് നഗരസഭ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍ പ്രതികരിച്ചു. ഇതുവരെ പാലക്കാട് ജില്ലയില്‍ ജയിക്കാത്ത സ്ഥലങ്ങളില്‍ പോലും ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് മുനിസിപ്പാലിറ്റി ബിജെപിയുടെ ഗുജറാത്താണെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു.

‘ജയ് ശ്രീറാം’ ഫ്ലക്സ് ഉയര്‍ത്തി ബിജെപി ; ജനാധിപത്യത്തിന്‍റെ ദുര്യോഗമെന്ന് വി.ടി ബല്‍റാം

തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പാലക്കാട് നഗരസഭ കെട്ടിടത്തിനു മുകളില്‍ ‘ജയ് ശ്രീറാം’ ഫ്ലക്സ് ഉയര്‍ത്തിയ ബിജെപി നടപടിക്കെതിരെ വി.ടി ബല്‍റാം എംഎല്‍എ. ഇങ്ങനേയും ചിലത് കാണേണ്ടി വരുന്നു എന്നതാണ് ജനാധിപത്യത്തിന്‍റെ ദുര്യോഗം എന്ന് ചിത്രം പങ്കുവെച്ച്‌ വി.ടി ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘അള്ളാഹു അക്ബര്‍’ എന്നൊരു ബാനര്‍ ഇവിടെ തൂക്കിയാല്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും?’ :സന്ദീപാനന്ദഗിരി

പാലക്കാട് നഗരസഭ കാര്യാലയത്തിന് മുകളില്‍ ‘ജയ് ശ്രീ റാം’ ഫ്ലക്സ് ഉയര്‍ത്തിയതിനെതിരെ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മലപ്പുറത്തെ നഗരസഭ കാര്യാലയത്തിന് മുന്നില്‍ ‘അള്ളാഹു അക്ബര്‍’ എന്ന ബാനര്‍ ഉയര്‍ത്തിയാല്‍ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നായിരുന്നു സന്ദീപാനന്ദഗിരിയുടെ കുറിപ്പ്.

വോട്ടെണ്ണല്‍ സമയത്ത് ഉദ്യോഗസ്ഥരും, മാധ്യമപ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും, ഏജന്‍റുമാര്‍ക്കും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളൂ.

എന്നാല്‍ ഇത് മറികടന്ന് വലിയ ഫ്ലക്സുമായി നഗരസഭക്ക് മുകളില്‍ കയറിയത് സുരക്ഷ വീഴ്ച്ചയാണ്. നഗരസഭ കെട്ടിടത്തിന് മുന്‍വശത്തെ ചുവരിലൂടെ താഴെക്കിടാന്‍ പറ്റുന്ന രീതിയിലുള്ള ഫ്ലക്സാണ് ബി.ജെ.പി അവിടെ പ്രദര്‍ശിപ്പിച്ചത്. മുന്‍കൂട്ടി ആസൂത്രണം ഉള്ളതിനാല്‍ മാത്രമാണ് ഇത് ചെയ്യാനായതെന്നും. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി.പി.എമ്മും ആവശ്യപെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് നഗരസഭ കെട്ടിടത്തിനു മുകളില്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ കൂറ്റന്‍ ബാനര്‍ ഉയര്‍ത്തി ബിജെപി ആഹ്ലാദപ്രകടനം നടത്തിയത്.

കെട്ടിടത്തിന്‍റെ ഒരുവശത്ത് ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനറും മറ്റൊരുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങള്‍ അടങ്ങിയ ബാനറുമാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ബിജെപി നടപടിക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ഭരണഘടനം സ്ഥാപനത്തിനു മുകളില്‍ ഫ്ലക്സ് ഉയര്‍ത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!