വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയനായ ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. അതിഥി തൊഴിലാളിയായ യുവതിയെ തന്റെ മോഡലാക്കിയാണ് പുതിയ ഫോട്ടോ ഷൂട്ട് മഹാദേവൻ തമ്പി ഒരിക്കിയിരിക്കുന്നത്.
കണ്ടുശീലിച്ച മോഡലുകൾക്ക് പകരമായി വഴിയോരക്കച്ചവടക്കാരിൽ നിന്ന് തിരഞ്ഞെടുത്ത ആസ്മാന് എന്ന പെൺകുട്ടിയെ ഗംഭീര മേക്കോവർ നടത്തിക്കൊണ്ടായിരുന്നുഷൂട്ട്.
കൊച്ചി നഗരത്തിൽ മൊബൈൽ സ്റ്റാൻഡുകളും ബലൂണും വളകളുമൊക്കെ വിൽക്കുന്ന രാജസ്ഥാനി നാടോടി സംഘത്തിലെ പെൺകുട്ടിയാണ് ആസ്മാന്. സ്റ്റുഡിയോയിൽ ഏറെ കൗതുകത്തോടെയാണ് ആസ്മാന് നിന്നത്.
ക്യാമറ, ലൈറ്റ്, പോസ് ചെയ്യേണ്ടത് എങ്ങനെ എന്നീ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. തുടക്കത്തിലെ അപരിചിതത്വം മാറിയതോടെ ശരിക്കുമൊരു മോഡലായി ആസ്മാൻ മാറി.
നാല് കോസ്റ്റ്യൂമിലുള്ള ചിത്രങ്ങളാണ് പകർത്തിയത്. വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സിൽ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തിൽ ഉണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്ന് മഹാദേവൻ തമ്പി പറയുന്നു.
ക്ലാപ്പ് മീഡിയയുടെ പ്രൊഡക്ഷനിൽ ഒരുങ്ങിയിരിക്കുന്ന ഈ ഫോട്ടോഷൂട്ടിൽ മോഡലിന് മേക്കോവർ നൽകിയത് മേക്കപ്മാനായ പ്രബിനും കോസ്റ്റ്യൂം അയന ഡിസൈൻസിലെ ഷെറിനുമാണ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച മേക്കോവർ ഷൂട്ടിന്റെ വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.