ആന്ധ്രപ്രദേശിലെ എല്ലൂരുവിൽ അജ്ഞാതരോഗം പടരുന്നു. ഞായറാഴ്ച രോഗബാധിതനായ ഒരാൾ മരിച്ചു. ഇതുവരെ 292 പേർക്കാണ് രോഗം ബാധിച്ചത്.45 വയസ്സുകാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇവരിൽ 140 പേർ രോഗമുക്തി നേടി.
ഛര്‍ദി, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളോടെ അബോധാവസ്ഥയിലായ നിലയിലാണ് മിക്കവരെയും ആശുപത്രികളില്‍ എത്തിച്ചത്.
എന്താണ് ഇവരുടെ അസുഖമെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. രക്തപരിശോധനയും സിടി സ്കാനും നടത്തി. ഇ കോളി ഉള്‍പ്പെടെയുള്ള പരിശോധനാഫലം ഇനി ലഭ്യമാകാനുണ്ട്. പ്രദേശത്ത് വിതരണം ചെയ്യുന്ന പാലിന്‍റെയും സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ജലമലിനീകരണമാണോ രോഗകാരണം എന്ന സംശയം ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതല്ലെന്ന് പരിശോധനയില്‍ വ്യക്തമായെന്ന് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ആശുപത്രിയിലെത്തി രോഗികളെ കണ്ടു.
വിഷാംശമുളള ഏതെങ്കിലും ജൈവവസ്തുക്കളായിരിക്കാം രോഗത്തിന് കാരണമായതെന്ന് വിദഗ്ധരുമായി ചർച്ച നടത്തിയ ശേഷം എംപി പ്രതികരിച്ചു.
ടിഡിപി ജനറൽ സെക്രട്ടറി നര ലോകേഷും ആശുപത്രിയിൽ സന്ദർശനം നടത്തി. എന്നാൽ രോഗബാധയുടെ കാരണം സംബന്ധിച്ച് ആരോഗ്യവകുപ്പ് അധികൃതർ വിശദീകരണം നൽകിയിട്ടില്ല. കൾച്ചറൽ പരിശോധനാ ഫലം, ഇകോളി പരിശോധനാഫലത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് ജോയിന്റ് കളക്ടർ ഹിമാൻഷു ശുക്ല പറഞ്ഞു.
140ഓളം രോഗികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ഇവരെ ചികിത്സ നല്‍കി വീടുകളിലേക്ക് തിരിച്ചയച്ചെന്നും വെസ്റ്റ് ഗോദാവരി ജില്ലാ മെഡിക്കല്‍ വിഭാഗം അറിയിച്ചു.
ഏഴ് പേരെ വിദഗ്ധ ചികിത്സക്കായി വിജയവാഡയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എല്ലാവരുടെയും കോവിഡ് ഫലം നെഗറ്റീവാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി ചീഫ് സെക്രട്ടറിയെ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സംസ്ഥാന ആരോഗ്യ കമ്മിഷണർ കതമനേനി ഭാസ്കർ എല്ലൂരുവില്‍ എത്തി.
നിഗൂഢമായ അസുഖത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഗവർണർ ബിശ്വഭൂഷൺ ഹരിശ്ചന്ദ്രൻ അസുഖബാധിതർക്ക് ശരിയായ പരിചരണം ലഭ്യമാക്കണമെന്ന് ആരോഗ്യഅധികൃതർക്ക് നിർദേശം നൽകി.
എലുരു മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെയും പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.