Wednesday, December 18
BREAKING NEWS


കങ്കാരുപ്പടയെ തകർത്ത് ഇന്ത്യ

By sanjaynambiar

കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 ഇന്ത്യക്ക്. കാന്‍ബറ, മാനുക ഓവലില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലും അരങ്ങേറ്റക്കാരന്‍ ടി നടരാജനുമാണ് ഓസീസിന്റെ നടുവൊടിച്ചത്. പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ കണ്‍ക്കഷന്‍ സബ്സ്റ്റ്യൂട്ടായിട്ടാണ് ചാഹല്‍ ഇറങ്ങിയത്. ദീപക് ചാഹര്‍ ഒരു വിക്കറ്റ് വീഴ്ത്തി. 35 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചാണ് ഓസിസീന്‍റെ ടോപ് സ്‌കോറര്‍.

ഡാര്‍സി ഷോര്‍ട്ട് (34), മൊയ്‌സസ് ഹെന്റിക്വെസ് (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഓപ്പണിംഗ് വിക്കറ്റില്‍ ഫിഞ്ച്- ഷോര്‍ട്ട് സഖ്യം 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചാഹല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ചാഹലിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ ഫിഞ്ച് മടങ്ങി. ഹാര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ക്യാച്ച്. ഒരു സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഫിഞ്ചിന്‍റെ ഇന്നിങ്‌സ്. പിന്നാലെ സ്മിത്തും പവലിയനില്‍ തിരിച്ചെത്തി. ഇത്തവണ സഞ്ജു സാംസണാണ് ഫീല്‍ഡിങ്ങില്‍ തിളങ്ങിയത്. ഏകദിനത്തില്‍ തകര്‍പ്പന്‍ പുറത്തെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്‍ ആവട്ടെ നടരാജന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മാത്യൂ വെയ്ഡ് (7) ചാഹലിന് വിക്കറ്റ് സമ്മാനിച്ചപ്പോള്‍ ഹെന്റിക്വെസ് ദീപക് ചാഹറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇതിനിടെ ഡാര്‍സി ഷോര്‍ട്ടും നടരാജന് മുന്നില്‍ മുട്ട്മടക്കി.

മിച്ചല്‍ സ്റ്റാര്‍ക്ക് (1) നടരാജന്‍റെ തകര്‍പ്പന്‍ യോര്‍ക്കറില്‍ വിക്കറ്റ് തെറിച്ച് മടങ്ങുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. 51 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

എന്നാല്‍ 23 പന്തില്‍ 44 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ ഇന്നിങ്‌സാണ് നിര്‍ണായകമായത്.

മലയാളി ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ടീമില്‍ ഇടംനേടിയ സഞ്ജു സാംസണ്‍, മികച്ച തുടക്കം മുതലാക്കാനാകാതെ ഒരിക്കല്‍ക്കൂടി പുറത്തായി. 15 പന്തില്‍ ഓരോ ഫോറും സിക്‌സും സഹിതം 23 റണ്‍സെടുത്താണ് സഞ്ജുവിന്റെ മടക്കം.

അഞ്ചാം രാജ്യാന്തര ട്വന്റി20 കളിക്കുന്ന സഞ്ജുവിന്‍റെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോറാണിത് എന്ന പ്രത്യേകതയുമുണ്ട്.

ഓസീസിനായി മൊയ്‌സസ് ഹെന്റിക്വെസ് മൂന്ന് വിക്കറ്റെടത്തു.മൂന്നാം ഓവറിന്റെ അഞ്ചാം പന്തില്‍ തന്നെ ഇന്ത്യക്ക് ധവാനെ നഷ്ടമായി.ഒരു റണ്‍സ് മാത്രമെടുത്ത ധവാനെ മിച്ചല്‍ സ്റ്റാര്‍ക്ക് മനോഹരമായ ഒരു പന്തില്‍ ബൗള്‍ഡാക്കുകയായിരുന്നു. ക്യാപ്റ്റന്‍ കോലിയാവട്ടെ മിച്ചല്‍ സ്വെപ്‌സണ്‍ റിട്ടേണ്‍ ക്യാച്ച്‌ നല്‍കി മടങ്ങി. കോലി- രാഹുല്‍ സഖ്യം 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് ഒത്തുച്ചേര്‍ന്ന രാഹുല്‍- സഞ്ജു സഖ്യമാണ് ഇന്ത്യക്ക് മധ്യഓവറുകളില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. ഇരുവരും 38 റണ്‍സ് കൂട്ടിച്ചേര്‍ത്ത്.

ഒരോ സിക്‌സും ഫോറും തേടി ആത്മവിശ്വാസത്തോടെയാണ് സഞ്ജു തുടങ്ങിയത്.

എന്നാല്‍ ഹെന്റിക്വെസിനെ കവറിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ സഞ്ജു സ്വെപ്‌സണ് ക്യാച്ച്‌ നല്‍കി. സഞ്ജുവിന്റെ പുറത്താവല്‍ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. മനീഷ് പാണ്ഡെ (2) ആഡം സാംപയ്ക്ക് വിക്കറ്റ് നല്‍കിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയേയും (16) ഹെന്റിക്വെസ് മടക്കി. ഇതിനിടെ രാഹുലും പവലിയനില്‍ തിരിച്ചെത്തി. 40 പന്തില്‍ ഒരു സിക്‌സും നാല് ഫോറും അടങ്ങുന്നായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. ഹെന്റിക്വെസിനേയും രാഹുലാണ് മടക്കിയത്.

അവസാന ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ (7) സ്റ്റാര്‍ക്ക് മടക്കി.

അവസാനങ്ങളില്‍ രവീന്ദ്ര ജഡേജ പുറത്തെടുത്ത പ്രകടനാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഒരു സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്ന ജഡേജയുടെ ഇന്നിങ്‌സ്. ദീപക് ചാഹര്‍ (0) ജഡേജയ്‌ക്കൊപ്പം പുറത്താവാതെ നിന്നു.

ഹെന്റിക്വെസിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ആഡം സാംപ, സ്വെപ്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ടി നടരാജനെ ടി20 ടീമിലും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഏകദിന പരമ്ബരയില്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണേയും ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ശ്രേയസ് അയ്യര്‍ പുറത്തായപ്പോള്‍ മനീഷ് പാണ്ഡെയ്ക്കും അവസരം തെളിഞ്ഞു.

എന്നാല്‍ മികച്ച ഫോമിലുള്ള ജസ്പ്രിത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. നടരാജന് പുറമെ മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവരാണ് ബൗളര്‍മാര്‍. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്പിന്നര്‍മാരായും ടീമിലുണ്ട്. സഞ്ജു ടീമിലുണ്ടെങ്കിലും കെ എല്‍ രാഹുല്‍ തന്നെയാണ് വിക്കറ്റ് കീപ്പര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!