Monday, December 23
BREAKING NEWS


കണ്ടാൽ ജമന്തി; കൊച്ചിയില്‍ വഴിയോരത്തും കഞ്ചാവ് ചെടികള്‍

By sanjaynambiar

കൊച്ചി: കൊച്ചിയില്‍ എക്സൈസിനെ ഞെട്ടിക്കുന്ന കഞ്ചാവ് കൃഷിരീതി അരങ്ങേറുന്നു. എറണാകുളം തൃപ്പൂണിത്തുറ പ്രദേശങ്ങളില്‍ കഴിഞ്ഞ മാസം ഒന്നാം തീയതി മുതല്‍ ഇങ്ങോട്ട് ഇതിനകം അഞ്ചിലേറെ സ്ഥലങ്ങളില്‍ പാതയോരങ്ങളില്‍ വളര്‍ന്നു നില്‍ക്കുന്ന കഞ്ചാവ് ചെടികള്‍ കണ്ടെത്തിയതായി തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ് പറഞ്ഞു.

സംശയം തോന്നിയ നാട്ടുകാരില്‍ ഒരാള്‍ വിളിച്ചു പറഞ്ഞാണു കഴിഞ്ഞ ദിവസം ഉദയം പേരൂര്‍ കണ്ടനാട് ഭാഗത്ത് വിശുദ്ധ മാര്‍ത്ത മറിയം പള്ളിയുടെ സമീപം തിരക്കേറിയ റോഡരികില്‍ വളര്‍ന്നു നില്‍ക്കുന്ന രണ്ട് ചെടികള്‍ കണ്ടെത്തിയത്. ഏകദേശം നാലു മാസത്തോളം പ്രായമുള്ള ചെടികളാണ് ഇവിടെ കണ്ടത്.അതിനു മുന്‍പ് തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്ന് നാലു ചെടികളാണ് കണ്ടെത്തിയത്.

സമീപത്ത് ജമന്തി ഉള്‍പ്പടെയുള്ള ചെടികള്‍ നില്‍ക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് അത്ര വേഗം മനസിലാക്കാന്‍ സാധിക്കുമായിരുന്നില്ല.

നേരത്തേ തിരുവാങ്കുളം പ്രദേശത്ത് റോഡരികില്‍ നിന്ന് ഏഴു ചെടികള്‍ കണ്ടെത്തി നശിപ്പിച്ചിരുന്നു.. കിടങ്ങ് ഷാപ്പ് പരിസരത്തുള്ള റോഡ്, ഉദയംപേരൂര്‍ ഗ്യാസ് ബോട്ടിലിങ് പ്ലാന്റിനു സമീപത്തുള്ള റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെല്ലാം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ തന്നെ കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ സംഘമാണു വഴിയോരത്തെ കഞ്ചാവ് കൃഷിക്കു പിന്നിലെന്നാണു മനസിലാകുന്നത്. പതിവായി കഞ്ചാവ് എത്തിക്കുന്നവരില്‍ നിന്നാകണം വിത്ത് ശേഖരിച്ചിട്ടുണ്ടാകുക.

നട്ടാല്‍ ആറു മുതല്‍ എട്ടു മാസംകൊണ്ട് പൂര്‍ണവളര്‍ച്ചയെത്തി പൂവിടുന്ന ചെടിയാണ് കഞ്ചാവിന്റേത്. ജലാംശവും വളക്കൂറുമുള്ള വഴിയോര പ്രദേശമാണ് സംഘം ചെടി നടാന്‍ തിരഞ്ഞെടുത്തിരുന്നത്.

ചെടി വളര്‍ന്നു കഴിഞ്ഞാല്‍ വെട്ടിയെടുത്ത് ഉണക്കി ഉപയോഗിക്കാന്‍ ആയിരുന്നിരിക്കണം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ശ്രമം. ഒറ്റനോട്ടത്തില്‍ കാട്ടുചെടിയാണെന്ന് തോന്നുമെങ്കിലും പരിചയമുള്ളവര്‍ക്ക് കഞ്ചാവ് തിരിച്ചറിയാന്‍ കാര്യമായ ബുദ്ധിമുട്ടുണ്ടാകില്ല.

ആദ്യഘട്ടത്തില്‍ ചെടികള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ പ്രതികളായി ആരെയും തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും അന്വേഷണം വ്യാപകമാക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഉദയംപേരൂരില്‍ കഞ്ചാവ് ഉപയോഗിക്കുന്നവര്‍ പിടിയിലായിട്ടുണ്ടെങ്കിലും കൃഷി ചെയ്യുന്നവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.ഇവിടെ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഇന്‍സ്പെക്ടര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!