ന്യൂഡല്‍ഹി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ പി.എ. ഫൈസലിന്റെ കോഫെ പോസെ നിയമപ്രകാരമുള്ള കരുതല്‍ തടങ്കല്‍ റദ്ദാക്കിയതിനെതിരെ കേന്ദ്രം. കേന്ദ്ര റവന്യു ഡിപ്പാര്‍ട്‌മെന്റും ഡിആര്‍ഐയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. നിരന്തരം സ്വര്‍ണക്കടത്തില്‍ ഏര്‍പ്പെടുന്നവരുടെ കരുതല്‍ തടങ്കല്‍ റദ്ദാക്കുന്നത് തെറ്റായ നടപടിയാണെന്ന് കേന്ദ്രം പറയുന്നു.
നെടുമ്പാശേരി വിമാനത്താവളം വഴി നടത്തിയ സ്വര്‍ണ്ണ കള്ളക്കടത്തിന്റെ സൂത്രധാരന്‍ എന്ന് ഡി ആര്‍ ഐ ആരോപിക്കുന്ന പി എ ഫൈസലിന്റെ കരുതല്‍ തടങ്കല്‍ ഫെബ്രുവരിയില്‍ ആണ് ഹൈക്കോടതി റദ്ദാക്കിയത്. കള്ളക്കടത്ത് സ്വര്‍ണ്ണം പിടികൂടിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍, ഫോണ്‍ കാള്‍ രേഖകള്‍ ഉള്‍പ്പടെ ഉള്ളവ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് കൈമാറിയില്ല എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, വി ജി അരുണ്‍ എന്നിവര്‍ അടങ്ങിയ ഹൈക്കോടതി ബെഞ്ചിന്റെ ഉത്തരവ്.
ഈ ഉത്തരവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ആണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴില്‍ ഉള്ള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ്‌ന്റെ ഡയറക്ടര്‍ ജനറല്‍, ഡി ആര്‍ ഐയുടെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. തികച്ചും സാങ്കേതികത്വം ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി നടപടി എന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നു.
സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ ഫൈസലിനെ 2015 ല്‍ കോഫെപോസെ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. തടങ്കല്‍ കാലാവധി കഴിഞ്ഞ് പുറത്ത് ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് കേസില്‍ ഉള്‍പെട്ടതോടെ ആണ് ഫൈസലിനെ വീണ്ടും തടങ്കലില്‍ ആക്കിയത്. കേരളം കേന്ദ്രീകരിച്ച് വര്‍ധിച്ച് വരുന്ന സ്വര്‍ണ്ണക്കടത്തിന് എതിരെ സ്വീകരിക്കുന്ന കര്‍ശന നടപടികളുടെ ഭാഗം ആയാണ് ഹര്‍ജി എന്ന് ധനകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.